സംസ്ഥാനത്ത് പുതിയ നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ അംഗീകാരം

തിരുവനന്തപുരം: കൊല്ലം, മഞ്ചേരി നഴ്സിംഗ് കോളേജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗണ്സിലിന്‍റെ അംഗീകാരം ലഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ബി.എസ്.സി നഴ്സിംഗ് കോഴ്സ് ആണ് ആരംഭിക്കുക. ഓരോ നഴ്സിംഗ് കോളേജിലും 60 പേർ വീതം വീതം 120 വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാനാകും. ഈ അധ്യയന വർഷം മുതൽ തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

കൊല്ലം, മഞ്ചേരി മെഡിക്കൽ കോളേജുകളുമായി സഹകരിച്ച് നഴ്സിംഗ് കോളേജ് സ്ഥാപിക്കാൻ കഴിഞ്ഞ വർഷം ജൂലൈയിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഈ വർഷം തന്നെ ക്ലാസുകൾ ആരംഭിക്കാൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗങ്ങൾ വിളിച്ചുചേർത്ത് നടപടികൾ സ്വീകരിച്ചു. ഈ നഴ്സിംഗ് കോളേജുകൾക്കായി 36 ടീച്ചിംഗ്, അനധ്യാപക തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തി വരികയാണ്.

നഴ്സിംഗ് കോളേജുകൾ ആരംഭിക്കുന്നതിനുള്ള ഭൗതിക സാഹചര്യങ്ങൾ പൂർത്തിയായി വരികയാണ്. ഈ നഴ്സിംഗ് കോളേജുകളുടെ മേൽനോട്ടത്തിനായി ജെ.ഡി.എന്‍.ഇ ഡോ.സലീന ഷായെ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിലിന്‍റെയും കേരള ഹെൽത്ത് യൂണിവേഴ്സിറ്റിയുടെയും അംഗീകാരത്തിന് ശേഷമാണ് രണ്ട് നഴ്സിംഗ് കോളേജുകൾക്കും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരം ലഭിച്ചത്.