ഹരിത ബിസിനസിൽ ചുവട് വയ്ക്കാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ വിപണന കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) ബദൽ ഊർജ്ജ ബിസിനസുകൾക്കായി പുതിയ കമ്പനി രൂപീകരിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള ബിസിനസിന് പുറമേ, ജൈവ ഇന്ധനങ്ങൾ, ബയോഗ്യാസ്, ഗ്രീൻ ഹൈഡ്രജൻ, ഇവി മൊബിലിറ്റി, ഇവി ബാറ്ററികൾ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വർഷത്തോടെ പുതിയ കമ്പനി രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.

കമ്പനി ഹരിത ഹൈഡ്രജൻ ഉൽപാദനത്തിലേക്ക് നീങ്ങുമ്പോൾ, 2027-28 ഓടെ, ഉൽപ്പാദിപ്പിക്കുന്ന ഹൈഡ്രജന്‍റെ 5% ഹരിത ഹൈഡ്രജൻ ആയിരിക്കും. 2029-30 ഓടെ ഇത് 10 ശതമാനമായി ഉയർത്താനും കമ്പനി ലക്ഷ്യമിടുന്നു. അത്തരമൊരു പുതിയ കമ്പനി ആരംഭിക്കുകയാണെങ്കിൽ, പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടെത്താനും എളുപ്പത്തിൽ ധനസമ്പാദനം നടത്താനും ഐഒസിഎല്ലിനെ സഹായിക്കും. എന്നാൽ ഐഒസിഎൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഡീകാര്‍ബണൈസേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി നിലവിലുള്ള ഹൈഡ്രജന്‍റെ പത്തിലൊന്ന് കാർബൺ രഹിത ഹരിത ഹൈഡ്രജനായി നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ഒരിക്കൽ പറഞ്ഞിരുന്നു. 2046ഓടെ നെറ്റ് സീറോ കാർബൺ ബഹിർഗമനമാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു.