അജ്ഞാതമായ കാരണങ്ങളാൽ ഇന്ത്യൻ വിമാനം കറാച്ചിയിൽ ഇറങ്ങി
ഇസ്‌ലാമാബാദ്: ഇന്ത്യയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പാകിസ്ഥാനിലെ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. അധികം വൈകാതെ തന്നെ വിമാനം അവിടെ നിന്ന് പറന്നുയർന്നതായി റിപ്പോർട്ട്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്.
കറാച്ചി വിമാനത്താവളത്തിൽ പ്രാദേശിക സമയം പുലർച്ചെ 12.10 നാണ് വിമാനം ലാൻഡ് ചെയ്തത്. സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) വക്താവ് സംഭവം സ്ഥിരീകരിച്ചു. കറാച്ചിയിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ 12 പേരുമായി വിമാനം പറന്നുയർന്നു. കറാച്ചിയിൽ വിമാനം ഇറക്കിയത് എന്തിനാണെന്ന് വ്യക്തമല്ല.
സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ അടുത്തിടെ കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു. സ്പൈസ് ജെറ്റിന്‍റെ ഡൽഹി-ദുബായ് വിമാനം ആകാശത്ത് ഇന്ധന സൂചികയിൽ തകരാർ ഉണ്ടായതിനെ തുടർന്ന് കറാച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു. എഞ്ചിൻ തകരാർ കാരണം ഇൻഡിഗോയുടെ ഷാർജ-ഹൈദരാബാദ് വിമാനവും ജൂലൈ 17ന് കറാച്ചിയിൽ ഇറക്കേണ്ടി വന്നിരുന്നു.