‘ആക്രി’ പെറുക്കി വിറ്റ് ഇന്ത്യൻ റെയിൽവെ നേടിയത് 2587 കോടി രൂപ!
ന്യൂഡൽഹി: ഉപയോഗശൂന്യമായ ഭാഗങ്ങൾ സ്ക്രാപ്പ് വിലയ്ക്ക് വിൽപ്പന നടത്തി നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ ആറ് മാസത്തിൽ ഇന്ത്യൻ റെയിൽവേ സമ്പാദിച്ചത് 2,500 കോടിയിലധികം രൂപ. മുൻ വർഷത്തെ അപേക്ഷിച്ച് സ്ക്രാപ്പ് വിൽപ്പന വരുമാനത്തിൽ ഇന്ത്യൻ റെയിൽവേ 28 ശതമാനം വർദ്ധനവ് സൃഷ്ടിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.
റെയിൽവേ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. 2021-22 സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ 2,003 കോടി രൂപയാണ് റെയിൽവേ വരുമാനമായി നേടിയത്. 2022 ഏപ്രിൽ 1 മുതൽ 2022 സെപ്റ്റംബർ 30 വരെ 2,587 കോടി രൂപയാണ് വിൽപ്പനയിലൂടെ ലഭിച്ചത്.
നടപ്പ് സാമ്പത്തിക വർഷം സ്ക്രാപ്പ് വിൽപ്പനയിലൂടെ 4,400 കോടി രൂപ സമ്പാദിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 1751 വാഗണുകൾ, 1421 കോച്ചുകൾ, 97 ലോക്കോകൾ എന്നിവയാണ് ഈ വർഷം വിറ്റത്. വളരെക്കാലമായി റെയിൽവേയുടെ പ്രധാന വരുമാനങ്ങളിലൊന്നാണിത്.