ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്

യു.എ.ഇ. ദിർഹവുമായി ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഒരു ദിർഹത്തിന് 22 രൂപ 55 പൈസ എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം നടക്കുന്നത്. ഡോളറിന് 82 രൂപ 37 പൈസ എന്ന നിരക്കിലേക്കും രൂപയുടെ മൂല്യം ഇടിഞ്ഞു. ഇന്ത്യൻ രൂപ മാത്രമല്ല, മറ്റ് കറൻസികളും ഡോളറിനെതിരെ ഇടിഞ്ഞു. രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന വില നിലവാരത്തിലാണ് യൂറോ എത്തിയത്.

ഒമാൻ റിയാലുമായും രൂപയുടെ മൂല്യം ഇടിഞ്ഞു. 1,000 രൂപയ്ക്ക് 4.689 റിയാലാണ് വിനിമയ നിരക്ക്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെയും യുദ്ധത്തിന്‍റെയും ഭീതി എണ്ണയുടെയും കറൻസിയുടെയും വിലയെ ബാധിച്ചു. ഇതേ രീതിയിൽ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന.

മൂല്യത്തകർച്ച മുതലെടുത്ത് നാട്ടിലേക്ക് പണം അയയ്ക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായതായി ധനകാര്യ സ്ഥാപനങ്ങൾ വ്യക്തമാക്കി. ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം വെട്ടിക്കുറച്ചതോടെയാണ് എണ്ണവില ഉയർന്നത്.