കടൽ കടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ; കണക്കുകള്‍ ശേഖരിക്കാന്‍ മതിയായ മാര്‍ഗങ്ങളില്ല

ന്യൂഡല്‍ഹി: ഉന്നത വിദ്യാഭ്യാസത്തിനായി കടൽ കടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ വർധന. നവംബര്‍ 30 വരെ 6,46,206 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കി. കോൺഗ്രസ് എം പി രഞ്ജിത് രഞ്ജന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

2021ൽ 4.44 ലക്ഷം വിദ്യാർത്ഥികളാണ് വിദേശത്ത് എത്തിയത്. ഒരു വർഷം കൊണ്ട് വിദ്യാർത്ഥികളുടെ എണ്ണത്തിൽ രണ്ട് ലക്ഷം വർദ്ധനവുണ്ടായി.

നിലവിൽ, വിദേശത്തേക്ക് പോകുന്നവരുടെയും വരുന്നവരുടെയും വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആഭ്യന്തര മന്ത്രാലയത്തിൻ്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ്റെ കണക്കുകളല്ലാതെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി പോകുന്നവരുടെ മാത്രം കണക്കുകള്‍ ശേഖരിക്കാന്‍ മതിയായ മാര്‍ഗങ്ങളില്ലെന്നും മന്ത്രി അറിയിച്ചു.