ഇന്ത്യൻ ഉൽപന്ന ബഹിഷ്‌കരണം പരിശോധിക്കാൻ ഖത്തർ
ന്യൂഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നൂപുർ ശർമയും ഡൽഹി ഘടകത്തിൻറെ മീഡിയ ഇൻചാർജ് നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശത്തിൽ ഇന്ത്യൻ സർക്കാർ മാപ്പ് പറയണമെന്ന് ഖത്തർ. ഈ പരാമർശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് ഖത്തർ അറിയിച്ചു. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നതോടെ കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയെന്നാണ് റിപ്പോർട്ടുകൾ. കൂടുതൽ രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ഖത്തറിൻ പുറമെ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തോനേഷ്യ, മാലിദ്വീപ്, ലിബിയ എന്നീ രാജ്യങ്ങളും പരാമർശത്തെ അപലപിച്ചു.
നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തു. നേതാക്കൾക്കെതിരായ ബി.ജെ.പിയുടെ നടപടിയെ സൗദി അറേബ്യയും ബഹ്റൈനും സ്വാഗതം ചെയ്തു. പരാമർശങ്ങൾ ചില വിഭാഗീയ ശക്തികൾ മാത്രമാണെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻറെ നിലപാട്. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് സ്റ്റേറ്റിൻറെയും (ഒഐസി) പാകിസ്ഥാൻറെയും പരാമർശങ്ങളോട് അദ്ദേഹം ശക്തമായി പ്രതികരിച്ചു.