ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് ചെന്നൈയിൽ

മുംബൈ: ഇന്ത്യയിലെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് തമിഴ്നാട്ടിൽ നിർമ്മിക്കാനുള്ള പദ്ധതി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സ്വന്തമാക്കി. 1,424 കോടി രൂപയാണ് പദ്ധതിക്ക് ചെലവാകുകയെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം അറിയിച്ചു. ചെന്നൈയിലെ 184 ഏക്കർ സ്ഥലത്താണ് രാജ്യത്തെ ആദ്യത്തെ മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്ക് സ്ഥാപിക്കുന്നത്.

കേന്ദ്ര-സംസ്ഥാന ഏജൻസികൾക്കിടയിൽ രൂപീകരിക്കുന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) വഴി ആവശ്യമായ കണക്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ പിന്തുണ പദ്ധതിക്ക് ലഭിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. 104 കോടി രൂപ ചെലവിൽ 5.4 കിലോമീറ്റർ നാല് വരി ദേശീയ പാതയും മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കിലേക്ക് 217 കോടി രൂപ ചെലവിൽ 10.5 കിലോമീറ്റർ റെയിൽ കണക്റ്റിവിറ്റിയും നൽകും.