‘ഇന്ത്യയുടെ സ്റ്റീൽ മാൻ’ ഓർമ്മയായി; ജംഷീദ് ജെ. ഇറാനിക്ക് വിട നൽകി രാജ്യം
ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റീൽ മാൻ ജംഷീദ് ജെ. ഇറാനി അന്തരിച്ചു. ടാറ്റ സ്റ്റീലിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്നു അദ്ദേഹം. ഇന്നലെ രാത്രി ജംഷഡ്പൂരിലെ ടിഎംഎച്ച് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. 2007ൽ ജംഷീദ് ജെ.ഇറാനിയെ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.
2011 ജൂണിൽ ടാറ്റ സ്റ്റീൽ ബോർഡിൽ നിന്ന് വിരമിച്ച ഇറാനി 43 വർഷം ടാറ്റ സ്റ്റീലിൽ പ്രവർത്തിച്ചു. 1990കളുടെ തുടക്കത്തിൽ ഇന്ത്യയുടെ സാമ്പത്തിക ഉദാരവൽക്കരണ സമയത്ത് ടാറ്റ സ്റ്റീലിനെ മുൻനിരയിൽ നിന്ന് നയിക്കുകയും ഇന്ത്യയിലെ സ്റ്റീൽ വ്യവസായത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സംഭാവന നൽകുകയും ചെയ്ത ദീർഘവീക്ഷണമുള്ള നേതാവായി അദ്ദേഹം ഓർമ്മിക്കപ്പെടും.
ടാറ്റ സ്റ്റീലിനും ടാറ്റ സൺസിനും പുറമെ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ ടെലിസർവീസസ് എന്നിവയുൾപ്പെടെ നിരവധി ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഡയറക്ടറായും ഇറാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്.1992-93 കാലഘട്ടത്തിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ (സിഐഐ) ദേശീയ പ്രസിഡന്റായിരുന്നു.