പരീക്ഷണ ഓട്ടത്തിൽ 180 കി.മീ വേഗതയിൽ പാഞ്ഞ് ഇന്ത്യയുടെ സ്വന്തം വന്ദേഭാരത്

രാജസ്ഥാൻ: ഇന്ത്യൻ റെയിൽവേ കാത്തിരിക്കുന്ന വന്ദേഭാരത്-2 ട്രെയിൻ പരീക്ഷണ ഓട്ടത്തിൽ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത മറികടന്നു. രാജസ്ഥാനിലെ കോട്ട-നാഗ്ദ സെക്ഷനിൽ 120, 130, 150, 180 എന്നിങ്ങനെ വിവിധ സ്പീഡ് റേഞ്ചുകളിലാണ് ട്രെയിനിന്‍റെ ട്രയൽ റൺ നടത്തിയതെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ട്വീറ്റ് ചെയ്തു. നിർമ്മാണത്തിന്‍റെ എല്ലാ ഘട്ടങ്ങളിലെയും പരിശോധന പൂർത്തിയായി. പരീക്ഷണ ഓട്ടം വിജയകരമായിരുന്നു.

സുരക്ഷ ഉൾപ്പെടെ എല്ലാ പരീക്ഷണങ്ങളും പൂർത്തിയായി. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സെമി ഹൈസ്പീഡ് ട്രെയിനാണ് വന്ദേ ഭാരത്. ഓട്ടോമാറ്റിക് വാതിലുകൾ, 180 ഡിഗ്രിയിൽ കറങ്ങുന്ന കൂടുതൽ സൗകര്യപ്രദമായ കസേരകൾ, ശീതീകരിച്ച ചെയർ കാർ കോച്ചുകൾ എന്നിവയും ഇതിൽ ഉൾപ്പെടും. ഇതിനുപുറമെ ഓട്ടോമാറ്റിക് ഫയർ സെൻസറുകൾ, സി.സി.ടി.വി ക്യാമറകൾ, ജി.പി.എസ് തുടങ്ങിയ ഫീച്ചറുകൾ നൽകി സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തും.

2023 ഓഗസ്റ്റോടെ 75 വന്ദേഭാരത് ട്രെയിനുകൾ നിർമ്മിക്കാനാണ് ഐസിഎഫ് ലക്ഷ്യമിടുന്നത്. നേരത്തെ എത്തിയ വന്ദേഭാരത് ട്രെയിനുകളേക്കാൾ ഭാരം കുറഞ്ഞതായിരിക്കും പുതിയ ട്രെയിനുകളെന്നാണ് വിവരം. കൂടുതൽ സൗകര്യപ്രദമായ യാത്രാ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ടാണ് കോച്ചുകൾ നിർമ്മിക്കുകയെന്ന് ഐസിഎഫ് അറിയിച്ചു. ഭാരം കുറവായതിനാൽ ഉയർന്ന വേഗതയിൽ പോലും യാത്ര കൂടുതൽ സുഖകരമായി അനുഭവപ്പെടും.