ടി20 ലോകകപ്പിലെ ഇന്ത്യൻ വിജയം; പാക് ആരാധകന് മറുപടിയുമായി ഗൂഗിൾ സിഇഒ

വാഷിങ്ടൻ: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിൻ്റെ പേരിൽ രംഗത്ത് വന്ന പാക് ആരാധകന് മറുപടിയുമായി ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ. പാകിസ്ഥാനെതിരായ
മത്സരത്തിൽ ഇന്ത്യൻ ബാറ്റിംഗിന്‍റെ അവസാന ഓവറുകൾ കണ്ടാണ് ദീപാവലി ആഘോഷിച്ചതെന്ന സുന്ദറിന്‍റെ ട്വീറ്റിനെതിരെ ഒരു പാക് ആരാധകൻ രംഗത്തെത്തിയിരുന്നു. ‘അവസാന മൂന്ന് ഓവറുകൾ വീണ്ടും കണ്ടാണ് ഞാൻ ദീപാവലി ആഘോഷിച്ചത്. എന്തൊരു മത്സരം, എന്തൊരു പ്രകടനം’ എന്നാണ് സുന്ദർ ട്വിറ്ററിൽ കുറിച്ചത്.

ആദ്യ മൂന്ന് ഓവറുകൾ കാണാൻ ആണ് സുന്ദർ പിച്ചൈയെ പാക് ആരാധകൻ ഉപദേശിച്ചത്. ആദ്യ ഓവറിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ഓപ്പണർ കെ.എൽ രാഹുലും ചെറിയ സ്കോറുകൾക്ക് പുറത്തായിരുന്നു. വിരാട് കോഹ്ലിയുടെ മികവിലാണ് ഇന്ത്യ കളിയിലേക്ക് തിരിച്ചുവന്നത്. എന്നാൽ, ആദ്യ മൂന്ന് ഓവറുകൾ താൻ കണ്ടിരുന്നുവെന്നും ഭുവനേശ്വർ കുമാറിന്റെയും അർഷ്ദീപ് സിങ്ങിന്റെയും എന്തൊരു സ്പെല്ലായിരുന്നെന്നും ഗൂഗിൾ സിഇഒ മറുപടി നൽകി.

സുന്ദറിന്‍റെ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൂപ്പർ 12 ന്‍റെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനെ 4 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. 53 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന കോഹ്ലി ഇന്ത്യൻ ബാറ്റിങിനെ മുന്നിൽ നിന്ന് നയിച്ചു. 6 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. അവസാന ഓവറിലെ സൂപ്പർ ക്ലൈമാക്സിലാണ് ഇന്ത്യ മത്സരം ജയിച്ചത്.