ടെക്നീഷ്യൻമാരുടെ ശമ്പളം ഉയർത്തുമെന്ന് അറിയിച്ച് ഇൻഡിഗോ

ദില്ലി: എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാരുടെ ശമ്പളം വർധിപ്പിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. കോവിഡ് കാലത്ത് ഇൻഡിഗോ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. ഇത് പുനഃസ്ഥാപിക്കാത്തതിലും ജീവനക്കാർക്ക് അതൃപ്തിയുണ്ട്.

ഹൈദരാബാദിലെയും ഡൽഹിയിലെയും എയർലൈനിന്‍റെ നിരവധി എയർക്രാഫ്റ്റ് മെയിന്‍റനൻസ് ടെക്നീഷ്യൻമാർ അനാരോഗ്യം കാരണം ശനി, ഞായർ ദിവസങ്ങളിൽ അവധിയെടുത്തിരുന്നു. ജൂലൈ രണ്ടിന്, ഇൻഡിഗോയുടെ 55 ശതമാനം ആഭ്യന്തര വിമാനങ്ങളും വൈകി. ക്യാബിൻ ക്രൂ അംഗങ്ങളിൽ ഭൂരിഭാഗവും ഒരുമിച്ച് അവധിയെടുത്തതാണ് കാരണം. എയർ ഇന്ത്യയുമായുള്ള അഭിമുഖത്തിനായി ക്യാബിൻ ക്രൂ അംഗങ്ങൾ അവധിയെടുത്തതായാണ് റിപ്പോർട്ടുകൾ. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇൻഡിഗോ തങ്ങളുടെ വലിയൊരു വിഭാഗം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന്, 2022 ഓഗസ്റ്റ് 1 മുതൽ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിക്കുമെന്ന് എയർലൈൻ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളവും വർധിപ്പിച്ചിരുന്നു.