ഇൻഡിഗോ 8% ശമ്പളം വർധിപ്പിച്ചു; അസംതൃപ്തരായി പൈലറ്റുമാർ

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ, പൈലറ്റുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു. ശമ്പള വർദ്ധനവ് 8 ശതമാനമാണ്. പൈലറ്റുമാരുടെ ഓവർടൈം അലവൻസും കോവിഡിന് മുമ്പുള്ള നിലയിലേക്ക് പുനഃസ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പൈലറ്റുമാർക്കായി ഒരു വർക്ക് പാറ്റേൺ സംവിധാനവും ഏർപ്പെടുത്തി.

2020 ൽ ഇൻഡിഗോ പൈലറ്റുമാരുടെ ശമ്പളം 28 ശതമാനം വെട്ടിക്കുറച്ചിരുന്നു. പിന്നീട് ഏപ്രിലിൽ ശമ്പളം 8 ശതമാനം വർദ്ധിപ്പിച്ചു. അതിനുശേഷം, ജൂലൈയിൽ വീണ്ടും 8 ശതമാനം വർദ്ധനവുണ്ടായി. ഇതോടെ ഇൻഡിഗോ ആകെ 16 ശതമാനം വർദ്ധിപ്പിച്ചു. എന്നിരുന്നാലും, ഇത് കോവിഡിന് മുമ്പുള്ള പൈലറ്റ് ശമ്പളത്തേക്കാൾ കുറവാണ്. ജൂലൈ 31 മുതൽ പൈലറ്റുമാർക്കുള്ള ലേഓവർ, ഡെഡ്ഹെഡ് അലവൻസുകളും എയർലൈൻ പുനഃസ്ഥാപിച്ചു.
 
അതേസമയം, കൊവിഡിന് മുമ്പുള്ള ശമ്പളം പൂർണമായും പുനഃസ്ഥാപിക്കാത്തതിൽ പൈലറ്റുമാർക്ക് അതൃപ്തിയുണ്ട്. ഇതോടെ പൈലറ്റുമാരുടെ ശമ്പളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിക്ക് വലിയ പ്രശ്നമായി മാറി. പ്രതിദിനം 1,600 ലധികം വിമാനങ്ങളാണ് ഇൻഡിഗോ ഇപ്പോൾ സർവീസ് നടത്തുന്നത്. കോവിഡ് -19 മഹാമാരിക്ക് മുമ്പ് ചെയ്തതിനേക്കാൾ കൂടുതലാണിത്. ഇതും പൈലറ്റുമാരെ അസംതൃപ്തരാക്കുന്നു. 

അതേസമയം, കോവിഡിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 75 ശതമാനം പുനഃസ്ഥാപിച്ചു. ടാറ്റാ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള വിസ്താര എന്ന വിമാനക്കമ്പനി പൈലറ്റുമാരുടെ ശമ്പളവും ഫ്ലൈയിംഗ് അലവൻസുകളും കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് പുനഃസ്ഥാപിച്ചു. സ്പൈസ് ജെറ്റ് ക്യാപ്റ്റൻമാരുടെയും ഫസ്റ്റ് ഓഫീസർമാരുടെയും ശമ്പളം യഥാക്രമം 10 ശതമാനവും 15 ശതമാനവും വർധിപ്പിച്ചിട്ടുണ്ട്.