കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു

ജക്കാർത്ത: ഗാംബിയയിൽ 70 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പുകളിലെ ചേരുവകൾ ഇന്തോനേഷ്യ നിരോധിച്ചു. കഫ് സിറപ്പുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ വൃക്കരോഗങ്ങൾ ഈ വർഷം ജക്കാർത്തയിൽ 20 കുട്ടികളുടെ മരണത്തിന് കാരണമായി.

ഡൈഎഥിലീൻ ഗ്ലൈക്കോൾ, എഥിലീൻ ഗ്ലൈക്കോൾ എന്നിവയാണ് മരണത്തിലേക്ക് നയിച്ച വൃക്കരോഗങ്ങൾക്ക് കാരണമെന്നാണ് നിഗമനം.

ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസാണ് കഫ് സിറപ്പുകൾ നിർമ്മിച്ചത്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കമ്പനിയുടെ നാല് ചുമ സിറപ്പുകളിൽ ഈ ചേരുവകൾ അമിതമായ അളവിൽ അടങ്ങിയിരിക്കുന്നുവെന്നും വിഷ സ്വഭാവം ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഗാംബിയയും ഇന്ത്യയും മരണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.