തമിഴ് റീമേക്കിനൊരുങ്ങി ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍ ചിത്രം ‘വാമനൻ’

ഇന്ദ്രൻസ് നായകനായി കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിനൊരുങ്ങുന്നു. സിനിമ ഇഷ്ടപ്പെട്ട ജനപ്രിയ തമിഴ് നടൻ റീമേക്കിനു സമ്മതമറിയിക്കുകയായിരുന്നു. മറ്റ് വിശദാംശങ്ങൾ ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അത്യന്തം നിഗൂഢതയേറിയ ചിത്രം എ ബി ബിനിലാണ് സംവിധാനം ചെയ്തത്. അരുൺ ശിവനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. സീമ ജി നായർ, നിർമൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

മൂവി ഗാങ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അരുൺ ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്. ‘വാമനൻ’ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിന്‍റെ മാനേജരാണ് ‘വാമനൻ’. കുടുംബത്തോടൊപ്പം പുതുതായി വാങ്ങിയ വീട്ടിലേക്ക് താമസം മാറിയതിനു ശേഷം അവിടെ നടക്കുന്ന സംഭവങ്ങൾ അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.