രാജ്യത്ത് വ്യാവസായിക ഉല്‍പ്പാദനം കുറഞ്ഞു; 4% ഇടിവ് രേഖപ്പെടുത്തി

സ്റ്റാറ്റിസ്റ്റിക്ക് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്‍റേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ വ്യാവസായിക ഉൽപാദനം വാര്‍ഷികാടിസ്ഥാനത്തില്‍ 4 ശതമാനം കുറഞ്ഞു. 2021 ഒക്ടോബറിൽ വ്യാവസായിക ഉൽപാദന സൂചിക (ഐഐപി) 4.2 ശതമാനവും 2022 സെപ്റ്റംബറിൽ 3.1 ശതമാനവും ഉയർന്നു. ഐഐപി സെപ്റ്റംബറിലെ 133.5 ൽ നിന്ന് ഒക്ടോബറിൽ 129.6 ആയി കുറഞ്ഞു.

2022 ഒക്ടോബറിൽ ഖനനവും വൈദ്യുതിയും 2.5 ശതമാനവും 1.2 ശതമാനവും വളർച്ച കൈവരിച്ചപ്പോൾ ഉൽപാദന മേഖലയിൽ 5.6 ശതമാനം വളർച്ച കുറഞ്ഞു.
ഒക്ടോബറിലെ വ്യാവസായിക ഉത്പാദന സൂചിക അനുസരിച്ച്, മൂലധന ഉൽപ്പന്നങ്ങൾ 2.3 ശതമാനവും ഇന്റര്‍മീഡിയറ്റ് ഗുഡ്സ് 2.8 ശതമാനവും കൺസ്യൂമർ ഡ്യൂറബിൾസ് 15.3 ശതമാനവും കൺസ്യൂമർ നോൺ-ഡ്യൂറബിൾസ് 13.4 ശതമാനവും വീതം കുറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-ഒക്ടോബർ കാലയളവിൽ മൊത്തം വ്യാവസായിക ഉൽപാദനം 5.3 ശതമാനമായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 20.5 ശതമാനം വളർച്ച രേഖപ്പെടുത്തി.