അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്; ഉന്നതതല മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന് രാജ്യസഭയില്‍ ആവശ്യം

പാലക്കാട്: അട്ടപ്പാടിയിലെ ഉയർന്ന ശിശുമരണ നിരക്ക് സൂക്ഷ്മമായി പരിശോധിക്കാൻ ഡൽഹിയിൽ നിന്നുള്ള ഉന്നതതല മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ഡോ. രാധാമോഹന്‍ ദാസ് അഗര്‍വാള്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ബി.ജെ.പിയുടെ സഹപ്രഭാരിയും ശിശുരോഗ വിദഗ്ധനുമാണ് രാധാ മോഹൻ ദാസ് അഗർവാൾ. അട്ടപ്പാടിയിലെ ശിശുമരണ വിഷയം അദ്ദേഹം രാജ്യസഭയിൽ ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് ഉന്നയിച്ചത്.

10 വർഷത്തിലേറെയായി അട്ടപ്പാടിയിൽ ഈ ദൗർഭാഗ്യകരമായ സാഹചര്യമാണ് തുടരുന്നത്. ഇക്കാര്യം ഗൗരവമായി കണ്ട് കേന്ദ്രസർക്കാർ 120 കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരും ഇതുൾപ്പെടെ 250 കോടി രൂപ ചെലവഴിച്ചു. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങളും 28 സബ് സെന്‍ററുകളും അഞ്ച് മൊബൈൽ ഹെൽത്ത് യൂണിറ്റുകളും ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയും ഉണ്ടായിട്ടും അട്ടപ്പാടിയിൽ ശിശുമരണങ്ങൾ തുടരുകയാണ്. രാജ്യത്ത് ഏറ്റവും കുറവ് ശിശുമരണ നിരക്ക് കേരളത്തിലാണെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വർഷമായി അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് വർദ്ധിച്ച് കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

സർക്കാരുകൾ അനുവദിച്ച പണം എങ്ങോട്ടാണ് പോകുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്. അട്ടപ്പാടിയിലെ മുക്കാലി, താവളം, ജെല്ലിപ്പാറ, കോട്ടത്തറ, നെല്ലിപ്പതി, ഷോളയൂർ തുടങ്ങിയ വനവാസ ഗ്രാമങ്ങൾ താൻ നേരിട്ട് സന്ദർശിച്ചിട്ടുണ്ടെന്നും മിക്ക സാമൂഹിക അടുക്കളകളും അംഗന്‍വാടി കേന്ദ്രങ്ങളും ശരിയായി പ്രവർത്തിക്കുന്നില്ലെന്നും പ്രദേശവാസികൾ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.