രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുന്നു, പ്രതിരോധിക്കും: രാജ്‌നാഥ് സിങ്

ജോധ്പുർ (രാജസ്ഥാൻ): ചൈനയെ ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിട്ടില്ലെന്നും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ രാഷ്ട്രീയവത്കരിക്കരുതെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. അഭിപ്രായങ്ങളും വിശ്വാസങ്ങളും എന്തുതന്നെയായാലും, ഇന്ത്യ ആരെയും തങ്ങളുടെ പ്രദേശത്ത് അതിക്രമിച്ച് കടക്കാൻ അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു

“രാജ്യത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും സർക്കാർ മുൻഗണന നൽകുന്നു. രാജ്യത്ത് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നടക്കുകയാണ്. ഞാനുൾപ്പെടെ രണ്ടോ മൂന്നോ പേർക്ക് മാത്രമേ ഈ വിഷയത്തെക്കുറിച്ച് അറിയൂ. കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്താൻ കഴിയില്ല. നമ്മുടെ ശത്രുക്കളെ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ഒരിക്കലും അനുവദിക്കില്ല,” അദ്ദേഹം പറഞ്ഞു.

ഭീഷണികളെ നേരിടാൻ രാജ്യം എല്ലാ രീതിയിലും സജ്ജമാണ്. ആധുനിക യുദ്ധോപകരണങ്ങളാൽ സേനാവിഭാഗങ്ങൾ തയാറാണ്. പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും മികച്ച 25 രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറി. ഈ ദശാബ്ദത്തിന്‍റെ അവസാനത്തോടെ പ്രതിരോധ ഉപകരണങ്ങളുടെ കാര്യത്തിൽ രാജ്യം സ്വയംപര്യാപ്തമാകും. രാജ്യത്തിന്‍റെ സമാധാനവും സൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുന്നവർക്ക് ഉചിതമായ മറുപടി നൽകുമെന്നും രാജ്നാഥ് പറഞ്ഞു.