രാജ്യത്തെ പണപ്പെരുപ്പം കുറയുന്നു; 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ
ന്യൂഡല്‍ഹി: പണപ്പെരുപ്പം കുറയുന്നതിന്‍റെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയതിനാൽ നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ ജിഡിപി 6.1 ശതമാനത്തിനും 6.3 ശതമാനത്തിനും ഇടയിൽ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസർവ് ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2023 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപാദനം (ജിഡിപി) 7% വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.
ഒക്ടോബറിലെ ധനനയ പോളിസി അവലോകനം രണ്ടാം പാദത്തിലെ ജിഡിപി വളർച്ച 6.3 ശതമാനമായി കണക്കാക്കിയിരുന്നു. 2022-23 രണ്ടാം പാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ഡാറ്റ നവംബർ അവസാനത്തോടെ പുറത്തുവിടും.
ഈ ഖാരിഫ് വിപണന സീസണിൽ അരിയുടെ മൊത്തത്തിലുള്ള സംഭരണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർദ്ധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഗോതമ്പ് സംഭരണം കുത്തനെ ഇടിഞ്ഞെങ്കിലും, മികച്ച കാലാവസ്ഥയും മികച്ച ജലസംഭരണ സാഹചര്യങ്ങളും കാരണം റാബി വിതയ്ക്കൽ ഓരോ വർഷവും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്.