വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷം; അടിയന്തര പണനയ യോഗം വിളിച്ച് റിസർവ് ബാങ്ക്

ന്യൂഡല്‍ഹി: റിസർവ് ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി വീണ്ടും യോഗം ചേരും. വിലക്കയറ്റ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്നതിനെ തുടർന്നാണ് വീണ്ടും യോഗം ചേരുന്നത്. നവംബർ മൂന്നിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്.

വിലക്കയറ്റം പ്രതീക്ഷിച്ചതിലും രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനോട് റിസർവ് ബാങ്കിന്‍റെ പ്രതികരണം ഈ യോഗത്തിൽ വ്യക്തമാക്കും. നിലവിലെ നിയമമനുസരിച്ച്, പണപ്പെരുപ്പത്തിൽ പ്രതീക്ഷിച്ചതിലും ഉയർന്ന വർദ്ധനവ് ഉണ്ടായാൽ, റിസർവ് ബാങ്ക് ഒരു യോഗം വിളിച്ച് അതിനുള്ള കാരണങ്ങളും പരിഹാരങ്ങളും, വിലക്കയറ്റം നിയന്ത്രിക്കാൻ എടുക്കുന്ന സമയവും കേന്ദ്ര സർക്കാറിനെ റിപ്പോർട്ട് വഴി അറിയിക്കണം.

സെപ്റ്റംബർ 30നാണ് ധനനയ യോഗം ചേർന്നത്. അടുത്ത യോഗം ഡിസംബർ 5 നും 7 നും ഇടയിൽ നടത്താനാണ് തീരുമാനിച്ചിരുന്നത്. നവംബർ രണ്ടിന് യുഎസ് ഫെഡറൽ റിസർവിന്‍റെ യോഗം ചേരും. ഇതിനുശേഷം റിസർവ് ബാങ്ക് അടിയന്തര യോഗം ചേരും.