സംഭാവനകളുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മിഷൻ
ന്യൂഡല്‍ഹി: 20,000 രൂപയിൽ താഴെയുള്ള സംഭാവനകളുടെ വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ വെളിപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒരേ ദാതാവിൽ നിന്ന് ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ ചെറിയ സംഭാവനകൾ ലഭിച്ചാൽ, തുക നിർബന്ധമായും വെളിപ്പെടുത്തണമെന്ന് കേന്ദ്ര നിയമ മന്ത്രാലയത്തിന് നൽകിയ ശുപാർശയിൽ കമ്മിഷൻ നിർദ്ദേശിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറും തിരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെയും ശുപാർശ നിയമ മന്ത്രാലയത്തിന് കൈമാറി. നിലവിലുള്ള ചട്ടമനുസരിച്ച് 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകളുടെ കണക്ക് രാഷ്ട്രീയ പാർട്ടികൾ കമ്മീഷന് നൽകണം. ഇതിന് താഴെ വ്യക്തിപരമായ സംഭാവനകൾ വെളിപ്പെടുത്തേണ്ട ആവശ്യമില്ല.
ഈ വ്യവസ്ഥ ഭേദഗതി ചെയ്യുകയാണ്. ഒന്നിലധികം മണ്ഡലങ്ങളിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥാനാർത്ഥികളെ നിരുത്സാഹപ്പെടുത്തുക, രണ്ട് സീറ്റുകളിൽ മത്സരിച്ച് ജയിച്ചവർക്ക് പിഴ ചുമത്തുക തുടങ്ങിയ ശുപാർശകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അടുത്തിടെ നൽകിയിരുന്നു.