മൂൺലൈറ്റിംഗിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇൻഫോസിസ് സിഇഒ

മൂൺലൈറ്റിംഗ് വിഷയത്തിൽ വീണ്ടും നിലപാട് വ്യക്തമാക്കി ഇൻഫോസിസ്. ഒന്നിലധികം കമ്പനികളിൽ ഒരേ സമയം ജോലി ചെയ്യുന്നതിനെ ഇൻഫോസിസ് നേരത്തെ എതിർത്തിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂൺലൈറ്റിംഗിന്‍റെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഇൻഫോസിസ് സിഇഒ സലീൽ പരേഖ് മൂൺലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കി.

എന്നാൽ, കമ്പനിക്ക് പുറത്ത് വലിയ അവസരങ്ങൾ വരുമ്പോൾ ജീവനക്കാർക്ക് അവരുടെ താൽപ്പര്യത്തിനനുസരിച്ച് ജോലി ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. കമ്പനിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങിയ ശേഷമായിരിക്കണം ഇത് ചെയ്യേണ്ടതെന്നും പരേഖ് വ്യക്തമാക്കി. അതേസമയം, തൊഴിലുടമ അറിയാതെ മറ്റ് രഹസ്യ ജോലികൾ ചെയ്യുന്നതിനെ താൻ എതിർക്കുന്നുവെന്നും ഇൻഫോസിസ് സിഇഒ പറഞ്ഞു.

മൂൺലൈറ്റിംഗിന്റെ പേരിൽ കഴിഞ്ഞ മാസം വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. മൂൺലൈറ്റിംഗ് തട്ടിപ്പാണെന്നും വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പറഞ്ഞിരുന്നു. വിപ്രോ ജീവനക്കാർക്ക് മുമ്പാകെ വച്ച കരാറിൽ മൂൺലൈറ്റിംഗ് പാടില്ലെന്ന വ്യവസ്ഥയുണ്ടെന്നും ഇത് നിയമപരമായ പ്രശ്നമല്ലെങ്കിലും കമ്പനിക്ക് അങ്ങനെ അല്ലെന്നും റിഷാദ് പ്രേംജി വ്യക്തമാക്കിയിരുന്നു.