ജനവാസപ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖല; പ്രതിഷേധം കനക്കുന്നു, വനംവകുപ്പിൻ്റെ ബോർഡ് പിഴുത് മാറ്റി

കോട്ടയം: എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽ വാലി, പമ്പാവലി പ്രദേശങ്ങൾ പുതിയ ഭൂപടത്തിലും വനമേഖലയിൽ. ഇതിനെതിരെ എരുമേലി എയ്ഞ്ചൽ വാലി പ്രദേശത്ത് രാവിലെ മുതൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പ്രതിഷേധവുമായി എത്തിയ നൂറുകണക്കിന് പ്രദേശവാസികൾ വനംവകുപ്പിന്‍റെ ബോർഡുകൾ നീക്കം ചെയ്തു. റേഞ്ച് ഓഫീസിന് മുന്നിൽ മാറ്റിയ ബോർഡുമായി നാട്ടുകാരുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്. ഏകദേശം 5,000 ത്തോളം ആളുകൾ താമസിക്കുന്ന സ്ഥലമാണിത്. എന്നിരുന്നാലും, ഏയ്ഞ്ചൽവാലിയിലെ 11, 12 വാർഡുകൾ വനമേഖലയാണെന്നാണ് ഉപഗ്രഹ സർവേയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത്, ബഫർ സോൺ മേഖലയല്ല. പകരം വനപ്രദേശമായി രേഖപ്പെടുത്തി. 

അയ്യായിരത്തോളം ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ വനമേഖലയായി രജിസ്റ്റർ ചെയ്തതിനെതിരെ പ്രദേശത്ത് വൻ പ്രതിഷേധമാണ് ഉയർന്നത്. രേഖപ്പെടുത്തിയതിലെ പിഴവെന്നും തിരുത്തുമെന്നും ഉദ്യോഗസ്ഥർ മറുപടി നൽകി. പ്രശ്നം പരിഹരിക്കാൻ നാട്ടുകാർ വനം മന്ത്രിക്ക് നേരിട്ട് പരാതി നൽകി.
പിന്നാലെയാണ്, പിന്നീട് പ്രസിദ്ധീകരിച്ച പുതിയ ഭൂപടത്തിലും ഈ പ്രദേശങ്ങൾ വനമേഖലയിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്നത്.