സോണാലിയുടെ ശരീരത്തിൽ പരിക്കുകള്‍; 2 പേർക്കെതിരെ കേസെടുത്തു

പനാജി: ഗോവയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ബി.ജെ.പി. നേതാവും. നടിയുമായ സോണാലി ഫോഗട്ടിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. സോണാലിയുടെ ശരീരത്തിൽ നിരവധി പരിക്കുകള്‍ ഉണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് നിരവധി തവണ മർദ്ദിച്ചതിനെ തുടര്‍ന്നുള്ള പരിക്കുകളാണ് സോണാലിയുടെ ശരീരത്തിൽ ഉള്ളതെന്നാണ് വിവരം.

പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ തുടർന്ന് സോണാലിയുടെ രണ്ട് അനുയായികൾക്കെതിരെ ഗോവ പോലീസ് കൊലപാതകക്കുറ്റം കൂടി രജിസ്റ്റർ ചെയ്തു. 42 കാരിയായ സോണാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഐപിസി സെക്ഷൻ 302-ാം വകുപ്പു (കൊലപാതകം) ചേർത്തിട്ടുണ്ട്. ഗോവ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സോണാലിയുടെ പോസ്റ്റ്മോർട്ടം നടന്നത്.

ഓഗസ്റ്റ് 22 തിങ്കളാഴ്ചയാണ് സോണാലി ഗോവയിലെത്തിയത്. സോണാലിയുടെ പേഴ്സണൽ അസിസ്റ്റന്‍റ് സുധീർ സാഗ്‌വാനും സുഹൃത്ത് സുഖ്‌വിന്ദര്‍ സിങ്ങും ഒപ്പമുണ്ടായിരുന്നു. ഇരുവർക്കുമെതിരെ കേസെടുത്തതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോണാലിയുടെ സഹോദരൻ റിങ്കു ധാക്ക ബുധനാഴ്ച സുധീറിനും സുഖ്‌വിന്ദറിനുമെതിരേ അൻജുന പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു.