‘ഐഎന്‍എസ് വിക്രാന്ത് 1999-ന് ശേഷമുള്ള സര്‍ക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലം’

ന്യൂഡല്‍ഹി: 1999 ന് ശേഷം അധികാരത്തിൽ വന്ന സർക്കാരുകളുടെ കൂട്ടായ പരിശ്രമത്തിന്‍റെ ഫലമായാണ് ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് യാഥാർത്ഥ്യമായതെന്ന് കോൺഗ്രസ്. വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്ത ഉടൻ തന്നെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അംഗീകരിക്കുന്നുണ്ടോ എന്ന് ചോദിച്ചു.

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ പങ്കെടുത്ത ആദ്യ ഐഎൻഎസ് വിക്രാന്ത് യു.കെയിൽ നിന്ന് ലഭ്യമാക്കുന്നതിൽ മുൻ പ്രതിരോധ മന്ത്രി വി കെ കൃഷ്ണ മേനോൻ വഹിച്ച പങ്കും രമേശ് ചൂണ്ടിക്കാട്ടി. 2009ൽ യുപിഎ സർക്കാരിന്റെ കാലത്താണ് ഐഎൻഎസ് വിക്രാന്തിന് തുടക്കമിട്ടത്. 2013ൽ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്‍റണിയാണ് വിമാനവാഹിനിക്കപ്പൽ നീറ്റിലിറക്കിയതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. വിമാനവാഹിനിക്കപ്പൽ പ്രധാനമന്ത്രി ഇന്ന് കമ്മിഷൻ ചെയ്തു. 2014-ന് മുമ്പും സ്വാശ്രയ (ആത്മനിർഭർ) ഇന്ത്യയുണ്ടായിരുന്നു. അതിനാൽ, മറ്റെല്ലാ പ്രധാനമന്ത്രിമാരെയും അംഗീകരിക്കേണ്ടതുണ്ടെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു.

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ നിര്‍മിച്ച ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ന് കമ്മീഷന്‍ ചെയ്തത്. ഇന്ത്യയുടെ പ്രതിരോധ മേഖലയെ സ്വാശ്രയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഊന്നലിന്റെ ഉദാഹരണമാണ് ഐഎന്‍എസ് വിക്രാന്തെന്ന് കപ്പല്‍ കമ്മീഷന്‍ ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് വമ്പന്‍ വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടുവെന്നും രാജ്യത്തിന് പുതിയ ആത്മവിശ്വാസമാണ് അത് നല്‍കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.