ഐഎൻഎസ് വിക്രാന്ത്; നാലാംഘട്ട പരീക്ഷണം പൂർത്തിയാക്കി

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് ഈ വർഷം ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച യുദ്ധക്കപ്പലിന്‍റെ നാലാം ഘട്ട പരീക്ഷണം ഇന്ന് പൂർത്തിയായി. ആയുധങ്ങളും മറ്റ് സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.

നാവികസേനയുടെ നിലവിലുള്ള വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയെ ശക്തിപ്പെടുത്തുകയാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. 30 യുദ്ധവിമാനങ്ങളും 1,500 സൈനികരെയും വഹിക്കാൻ ശേഷിയുള്ള വിക്രാന്തിന്റെ ഡെക്ക് 2.5 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. വിക്രാന്ത് തന്‍റെ കടൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം സേനയിൽ ചേരാൻ ഒരുങ്ങുകയാണ്. ചൈനയും പാകിസ്ഥാനും ഉയർത്തുന്ന ഭീഷണിയെ നേരിടാൻ കിഴക്കും പടിഞ്ഞാറും വിമാനവാഹിനിക്കപ്പലുകൾ സ്ഥാപിക്കാനുള്ള പ്രതിരോധ തന്ത്രത്തിന്‍റെ ഭാഗമാണ് വിക്രാന്തിന്‍റെ നിർമ്മാണം.

ഐഎൻഎസ് വിക്രാന്തിനൽ 76 ശതമാനവും ഇന്ത്യയിൽ ലഭ്യമായതും നിർമ്മിച്ചതുമായ ഉപകരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. നീറ്റിലിറക്കിയ ശേഷമുള്ള ആദ്യ പരീക്ഷണം 2021 ഓഗസ്റ്റിലാണ് നടന്നത്. രണ്ടാം ഘട്ടം ഒക്ടോബറിലും മൂന്നാം ഘട്ടം ഈ വർഷം ജനുവരിയിലും നടന്നു. വിമാനവാഹിനിക്കപ്പലിലെ തോക്കുകൾ, മിസൈലുകൾ, ഇലക്ട്രിക്കൽ ടെക്നോളജി സംവിധാനങ്ങൾ, ജീവൻ രക്ഷാ ഉപകരണങ്ങൾ, കടലിൽ ദിശ മനസ്സിലാക്കുന്നതിനുള്ള നാവിഗേഷൻ സംവിധാനങ്ങൾ എന്നിവയെല്ലാം കപ്പൽ വിവിധ പ്രദേശങ്ങളിലേക്ക് എത്തിച്ച് പരിശോധിച്ചു. കപ്പൽ കടലിൽ അതി വേഗതയിൽ ഓടിച്ചതെന്നും നാവികസേന അറിയിച്ചു.