ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന; സംസ്ഥാനത്ത് 406 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചു പൂട്ടി 

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 2006ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരം ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനത്തിനും പ്രവർത്തിക്കാൻ കഴിയില്ല. ഇതനുസരിച്ച് സംസ്ഥാനത്തെ എല്ലാ ഭക്ഷ്യസ്ഥാപനങ്ങളുടെയും ലൈസൻസോ രജിസ്ട്രേഷനോ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

സെപ്റ്റംബർ 26 മുതൽ ഇതുവരെ 5764 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 406 സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഈ സ്ഥാപനങ്ങൾ സ്വമേധയാ അടച്ചുപൂട്ടി. 564 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ 70 സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത എല്ലാ സ്ഥാപനങ്ങളും ഉടൻ ലൈസൻസോ രജിസ്ട്രേഷനോ നേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.