ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്; പിരിച്ചുവിടാൻ തീരുമാനം എടുത്തേക്കും
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇൻസ്പെക്ടർ സുനുവിന് ഇന്ന് ഓൺലൈൻ ഹിയറിംഗ്. പിരിച്ചുവിടൽ പ്രക്രിയയുടെ ഭാഗമായിരുന്നു ഹിയറിംഗ്. നടപടിക്രമങ്ങളുടെ ഭാഗമായി നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. താൻ ചികിത്സയിലാണെന്നും ഹാജരാകാൻ സമയം നീട്ടണമെന്നും കാണിച്ച് ഇയാൾ ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ ഈ ആവശ്യം നിരസിച്ച ഡി.ജി.പി സുനുവിനോട് ഇന്ന് ഹിയറിംഗിന് ഓൺലൈനായി ഹാജരാകാൻ ആവശ്യപ്പെട്ടു.
ഇന്ന് നൽകിയ വിശദീകരണം തൃപ്തികരമല്ലെങ്കിൽ പിആർ സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ഒമ്പത് ക്രിമിനൽ കേസുകളിൽ പ്രതിയായ സുനു 15 തവണ വകുപ്പുതല നടപടി നേരിട്ടിട്ടുണ്ട്. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ പ്രതിയായതിനെ തുടർന്ന് സുനുവിനെ നേരത്തെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പിരിച്ചു വിടാതിരിക്കാൻ കാരണം വിശദീകരിക്കാൻ ഡി.ജി.പി നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇതോടെ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സുനു സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. എന്നാൽ നടപടിയുമായി ഡി.ജി.പിക്ക് മുന്നോട്ട് പോകാമെന്നായിരുന്നു കോടതി ഉത്തരവ്.