സൈന്യത്തേയും സിഖിനേയും അപമാനിച്ചു; ആമിര്‍ സിനിമയ്‌ക്കെതിരെ ഇംഗ്ലണ്ട് ക്രിക്കറ്റ്താരം

കാത്തിരിപ്പുകള്‍ക്കൊടുവിൽ ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററുകളിൽ എത്തിയിരിക്കുകയാണ്. ബഹിഷ്‌കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായങ്ങള്‍ക്കിടയിൽ ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മോണ്ടി പനേസര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ് ചിത്രം എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. 

“ഫോറസ്റ്റ് ഗംമ്പ് യുഎസ് സൈന്യത്തിനു അനുയോജ്യമായിരുന്നു. വിയറ്റ്‌നാം യുദ്ധകാലത്ത് കുറഞ്ഞ ഐക്യു ഉള്ള പുരുഷന്മാരെ യുഎസ് സൈന്യത്തിലേക്ക് എടുത്തിരുന്നു. എന്നാല്‍ ഈ ചിത്രം ഇന്ത്യന്‍ സൈന്യത്തേയും സിഖിനേയും അപമാനിക്കുന്നതാണ്. ബോയ്‌കോട്ട് ലാല്‍ സിങ് ഛദ്ദ”.- മോണ്ടി പനേസര്‍ ട്വിറ്ററില്‍ കുറിച്ചു

ടോം ഹാങ്ക്സിന്‍റെ പ്രശസ്തമായ ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗമ്പിന്‍റെ റീമേക്കാണ് ലാൽ സിംഗ് ഛദ്ദ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന ആദ്യ ആമിർ ഖാൻ ചിത്രം കൂടിയായിരുന്നു ഇത്. കരീന കപൂര്‍, നാഗ ചൈതന്യ, മോന സിങ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. ആദ്യ ദിവസത്തില്‍ 11.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.