ബഫർ സോൺ വിഷയത്തിൽ എന്ത് വില കൊടുത്തും കർഷകരുടെ താല്പര്യം സംരക്ഷിക്കും: രമേശ് ചെന്നിത്തല

കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ മലയോര മേഖലകളിൽ കർഷകരെ സംഘടിപ്പിച്ച് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് കൂരാച്ചുണ്ട് സമരപ്രഖ്യാപന കൺവെൻഷൻ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. എന്ത് വിലകൊടുത്തും കർഷകരുടെ താൽപര്യങ്ങൾ കോൺഗ്രസ് സംരക്ഷിക്കുമെന്ന് രമേശ് ചെന്നിത്തല എംഎൽഎ പ്രഖ്യാപിച്ചു.

“കെ റെയിൽ പെട്ടിയിൽ വെച്ചത് പോലെ ബഫർ സോണും പെട്ടിയിൽ വെപ്പിക്കും. കെ റെയിലിൽ ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് പിണറായി പറഞ്ഞു. അവസാനം ഒരിഞ്ചല്ല ഒരു കിലോമീറ്റർ പിന്നിലേക്ക് പോകേണ്ടിവന്നു. ബഫർ സോണിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. ബഫർ സോൺ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം പ്രഹസനമാണ്.” – ചെന്നിത്തല ആരോപിച്ചു.

“ഒരു ഏരിയൽ സർവേ നടത്തുന്നതിൽ അർത്ഥമില്ല. മല എലിയെ പ്രസവിക്കുന്നത് പോലെയാണ് ഇന്നത്തെ തീരുമാനമെന്നും പഞ്ചായത്തുകളുടെ പങ്കാളിത്തത്തോടെ ഫീൽഡ് സർവേ നടപ്പാക്കണമെന്നും ചെന്നിത്തല പറഞ്ഞു. 13 ദിവസത്തിനുള്ളിൽ ഒന്നും സംഭവിക്കില്ല. സീറോ ബഫർ സോൺ എന്ന നിലപാടും സർക്കാർ സ്വീകരിച്ചില്ല. സാറ്റലൈറ്റ് സർവേ പൂർണ്ണമായും തള്ളിക്കളയണമെന്നും” ചെന്നിത്തല ആവശ്യപ്പെട്ടു.