രാജ്യാന്തര ചെറുധാന്യ വർഷം; ഉച്ചയൂണിന് ഒരുമിച്ച് പങ്കെടുത്ത് മോദിയും ഖാർഗെയും

ന്യൂഡൽഹി: രാജ്യാന്തര ചെറുധാന്യ വർഷം ആചരിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമർ ഒരുക്കിയ ഉച്ചയൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എം.പിമാരും ഒപ്പം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയും പങ്കെടുത്തു. ഏകദേശം 40 മിനിറ്റോളം പ്രധാനമന്ത്രി ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് ഐക്യരാഷ്ട്ര സഭ 2023 രാജ്യാന്തര ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രിക്കൊപ്പം നരേന്ദ്ര തോമർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, രാജ്യസഭാ ചെയർമാൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവെഗൗഡ എന്നിവർ ഒരു മേശയ്ക്കു ചുറ്റുമിരുന്നാണ് ഭക്ഷണം കഴിച്ചത്. പ്രധാനമന്ത്രി ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവക്കുകയും ചെയ്തിരുന്നു.

ഖർഗെയുടെ നായ പരാമർശത്തിൽ ഇന്നു രാജ്യസഭ പ്രക്ഷുബ്ധമായിരുന്നു. അദ്ദേഹം മാപ്പ് പറയണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രസ്താവനയിൽ താൻ ഉറച്ചുനിൽക്കുന്നുവെന്നാണ് ഖർഗെ തിരിച്ചടിച്ചത്. ബി.ജെ.പിയുടെ നായ പോലും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചിട്ടില്ലെന്ന് ആൽവാറിൽ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖാർഗെ ബി.ജെ.പി നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന ചിത്രം പുറത്തുവന്നത്.