അന്താരാഷ്ട്ര വ്യാപാരം ഇനി രൂപയിലും; ആദ്യ ഇടപാട് റഷ്യയുമായി

ഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ ആരംഭിച്ചു. ചില റഷ്യൻ കമ്പനികൾ രൂപയുടെ വ്യാപാരം ആരംഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ജൂലൈയിൽ റിസർവ് ബാങ്ക് ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഇതുവരെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റഷ്യൻ ബിസിനസിനായി 17 വോസ്ട്രോ അക്കൗണ്ടുകൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ശ്രീലങ്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളുമായും രൂപയുടെ ഇടപാടുകൾ അനുവദനീയമാണ്. എന്നാൽ ഈ രാജ്യങ്ങളുമായുള്ള വ്യാപാരം നിലവിൽ രൂപയിൽ ആരംഭിച്ചിട്ടില്ല. റഷ്യയിലേക്കുള്ള കയറ്റുമതി ഒക്ടോബറിൽ 16 ശതമാനം ഇടിഞ്ഞ് 1.6 ബില്യൺ ഡോളറിലെത്തി.

രൂപയിലെ ഇടപാടുകളിലൂടെ പണം കൈമാറ്റം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാം. ഇത് കയറ്റുമതിയുടെ തോത് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മ്യാൻമറും ബംഗ്ലാദേശും നേപ്പാളും ഉൾപ്പെടെ 30-35 രാജ്യങ്ങൾ രൂപയിൽ ഇടപാട് നടത്താൻ താൽപര്യം പ്രകടിപ്പിച്ചതായി ഈ മാസം ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഡോളർ ക്ഷാമം നേരിടുന്ന ചെറിയ രാജ്യങ്ങൾ പ്രാദേശിക കറൻസിയിൽ വ്യാപാരം നടത്താൻ ഇഷ്ടപ്പെടുന്നു.