വിദേശ മെഡിക്കൽ വിദ്യാർഥികൾക്ക്‌ ഇന്റേൺഷിപ്പ് 2 വർഷം; എൻഎംസിയിൽ പരാതിയുമായി വിദ്യാർഥികൾ

ന്യൂഡൽഹി: വിദേശത്ത് നിന്ന് വരുന്ന എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും രണ്ട് വർഷത്തെ ഇന്‍റേൺഷിപ്പ് നടപ്പാക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ശ്രമിക്കുന്നുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ ദേശീയ മെഡിക്കൽ കമ്മീഷനെ (എൻഎംസി) സമീപിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 87 വിദ്യാർത്ഥികളാണ് പരാതി നൽകിയത്.

കോവിഡ് -19 നെയും യുദ്ധത്തെയും തുടർന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ചൈനയിൽ നിന്നും ഉക്രെയിനിൽ നിന്നുമുള്ള മെഡിക്കൽ വിദ്യാർത്ഥികൾ ഓൺലൈനായാണ് പഠനം പൂർത്തിയാക്കിയത്. ക്ലിനിക്കൽ പരിശീലനം നൽകുന്നതിനായി എൻഎംസി രണ്ട് വർഷത്തെ ‘കംപൾസീവ് റൊട്ടേറ്ററി മെഡിക്കൽ ഇന്‍റേൺഷിപ്പ് റെഗുലേഷൻ’ നിർദ്ദേശിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത് 12 മാസമാണ്.

എന്നാൽ, വിദേശത്ത് നിന്ന് വരുന്ന എല്ലാ വിദ്യാർത്ഥികളോടും രണ്ട് വർഷത്തേക്ക് ഇന്‍റേൺഷിപ്പ് ചെയ്യാൻ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ ആവശ്യപ്പെടുന്നുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിയിൽ പറയുന്നു. വിദേശത്ത് മെഡിക്കൽ പഠനം പൂർത്തിയാക്കിയവർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിന് 12 മാസത്തെ നിർബന്ധിത ഇന്‍റേൺഷിപ്പ് ആവശ്യമാണ്.