മുഹമ്മദ് സുബൈറിനെതിരെ അന്വേഷണം; പ്രത്യേക സംഘത്തെ നിയോഗിച്ചു

ന്യൂഡല്‍ഹി: ആൾട്ട് ന്യൂസിന്‍റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരായ കേസ് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഉത്തർ പ്രദേശിലെ സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുബൈറിന് സുപ്രീം കോടതി ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു. ഇയാളുടെ ജാമ്യം കോടതി നീട്ടി. സുബൈറിനെതിരെ മറ്റ് കേസുകളുള്ളതിനാൽ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഡൽഹി, യുപിയിലെ ലഖിംപൂർ, മുസാഫർനഗർ, ഹത്രാസ് എന്നിവിടങ്ങളിൽ സുബൈറിനെതിരെ മറ്റ് കേസുകളുണ്ട്. സീതാപൂർ കേസിൽ മാത്രമാണ് സുപ്രീം കോടതി ജാമ്യം നീട്ടിയത്.

ഹിന്ദുത്വ നേതാക്കളായ സ്വാമി യതി നരസിംഹാനന്ദ്, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരുടെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ സുബൈർ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സുബൈർ ഇവരെല്ലാം ശത്രുത പരത്തുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് സീതാപൂർ കേസിന്‍റെ അടിസ്ഥാനം. സുബൈറിന്‍റെ ട്വീറ്റ് മതവിദ്വേഷം പരത്തുന്നതാണെന്ന് പൊലീസ് പറഞ്ഞു.

സുദർശൻ ന്യൂസ് ചാനലിലെ ജീവനക്കാരൻ സുബൈറിനെതിരെ നൽകിയ പരാതിയിലാണ് ലഖിംപൂരിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള സുദർശൻ വാർത്തകൾക്കെതിരെ മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തിരുന്നു. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ജീവനക്കാരന്‍റെ പരാതി. കഴിഞ്ഞ വർഷം സുബൈർ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.