ഐപിഎൽ ലേലം; കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത് വിട്ടു
മുംബൈ: ഐപിഎൽ ലേലത്തിൽ പങ്കെടുക്കുന്ന കളിക്കാരുടെ ചുരുക്കപ്പട്ടിക പുറത്ത്. ആകെ 405 കളിക്കാരാണ് ലേലത്തിനുള്ളത്. 2023ലെ ഐപിഎൽ സീസണിലേക്കുള്ള ലേലത്തിനായി 991 താരങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്ന് 10 ടീമുകൾ തിരഞ്ഞെടുത്ത 405 പേരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്. 30 വിദേശ താരങ്ങൾ ഉൾപ്പെടെ ആകെ 87 കളിക്കാർക്കാണ് ഐപിഎല്ലിൽ അവസരം ലഭിക്കുക. ഡിസംബർ 23ന് കൊച്ചിയിലാണ് ലേലം നടക്കുക.
ചുരുക്കപ്പട്ടികയിലുള്ള 405 കളിക്കാരിൽ 273 പേർ ഇന്ത്യക്കാരും 132 പേർ വിദേശികളുമാണ്. ലേലത്തിനുള്ളവരിൽ 119 പേർ രാജ്യാന്തര ക്രിക്കറ്റിൽ കളിച്ചിട്ടുള്ളവരാണ്. ഇംഗ്ലണ്ടിൽ നിന്ന് ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവരുൾപ്പെടെ 27 താരങ്ങളാണ് ഉള്ളത്. ഓസ്ട്രേലിയയിൽ നിന്നുള്ള 21 താരങ്ങളുടെ പട്ടികയിൽ ഓൾറൗണ്ടർ കാമറൂൺ ഗ്രീനുമുണ്ട്.
ദക്ഷിണാഫ്രിക്കയിൽ നിന്ന് 22 പേരും, വെസ്റ്റിൻഡീസിൽ നിന്ന് 20 പേരും, ന്യൂസീലൻഡിൽ നിന്ന് 10 പേരും, അഫ്ഗാനിസ്ഥാനിൽ നിന്ന് 8 പേരുമുണ്ട്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ എം ആസിഫ്, എസ് മിഥുൻ, സച്ചിൻ ബേബി, ഷോൺ റോഗർ, വിഷ്ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, പി.എ.അബ്ദുൽ എന്നീ മലയാളി താരങ്ങളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.