ഇറാന്‍ കപ്പലില്‍ മലയാളി കുടുങ്ങി, ആശങ്ക വേണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാന്‍ കപ്പലില്‍ മലയാളികള്‍ കുടുങ്ങിയ സംഭവത്തില്‍ കുടുംബങ്ങളുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടതായി വിവരം. ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയാണ് ബന്ധപ്പെട്ടത്. മോചനത്തിനുള്ള നടപടികള്‍ തുടരുന്നതായും ആശങ്ക വേണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും എഡ്വിന്റെയും ജിസ്മോന്റെയും ബന്ധുക്കള്‍ അറിയിച്ചു. നടപടികള്‍ പൂര്‍ത്തിയാവാന്‍ സമയമെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

മലപ്പുറം നിലമ്പൂര്‍ ചുങ്കത്തറ സ്വദേശി സാം സോമന്‍, എറണാകുളം കൂനന്‍മാവ് സ്വദേശി എഡ്വിന്‍, കടവന്ത്ര സ്വദേശികളായ ജിസ്മോന്‍, ജിബിന്‍ ജോസഫ് എന്നിവരാണ് കപ്പലില്‍ കുടുങ്ങിയത്. ഇവര്‍ ജോലി ചെയ്യുന്ന കമ്പനിയുടെ മുംബൈ ഓഫീസില്‍ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതല്‍ വിവരം ലഭ്യമല്ലെന്നാണ് ചുങ്കത്തറ സ്വദേശി സാം സോമന്റെ ബന്ധുക്കള്‍ പറയുന്നത്. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രി പി രാജീവിനും വിദേശകാര്യ മന്ത്രാലയത്തിനും ഇറാനില്‍ അകപ്പെട്ട എഡ്വിന്റെ കുടുംബം കത്ത് നല്‍കിയിരുന്നു.