ഇറാനിലെ സെലിബ്രിറ്റി ഷെഫിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിയൻ സെലിബ്രിറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ റെവല്യൂഷനറി ​ഗാർഡ് മർദ്ദിച്ച് കൊലപ്പെടുത്തി. ഹിജാബ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുന്നതിനിടെയാണ് മറ്റൊരു പോലീസ് ക്രൂരത പുറത്തുവന്നത്. ഇറാനിലെ ജാമി ഒലിവർ എന്നറിയപ്പെടുന്ന ഒരു പാചകക്കാരനായിരുന്നു മെഹർഷാദ് ഷാഹിദി. 20-ാം ജന്മദിനത്തിന്‍റെ തലേന്നാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച നടന്ന ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്.

ഹിജാബ് വിരുദ്ധ സമരത്തിൽ പങ്കെടുത്തതിനാണ് ഷാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റെന്നും തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും റിപ്പോർട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്നാണ് മകൻ മരിച്ചതെന്ന് പറയാൻ പോലീസ് സമ്മർദ്ദം ചെലുത്തിയെന്ന് ഷാഹിദിയുടെ മാതാപിതാക്കൾ പറഞ്ഞു. അതേസമയം ഷാഹിദിക്ക് മർദ്ദനമേറ്റതിന്‍റെ യാതൊരു ലക്ഷണവുമില്ലെന്ന് ഇറാൻ ചീഫ് ജസ്റ്റിസ് അബ്ദുൽമെഹ്ദി മൗസാവി പറഞ്ഞു. ഷാഹിദിയുടെ മരണം സോഷ്യൽ മീഡിയയിലും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇയാളെ പൊലീസ് കണ്ണീർവാതകം ഉപയോഗിച്ച് ആക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയുമായിരുന്നുവെന്ന് ബന്ധു ആരോപിച്ചു. തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ പൊലീസ് വിളിച്ചുവരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. 

ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ ഇറാൻ സദാചാര പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മഹ്സ അമിനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധത്തിനിടെ ഇറാൻ സുരക്ഷാ സേന നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.