ഇറാന്റെ സ്റ്റേറ്റ് ടിവി ഹാക്ക് ചെയ്ത് ആയത്തുള്ള ഖമേനിയുടെ ചിത്രത്തിൽ ‘തീപിടിപ്പിച്ചു’

പാരിസ്: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം കത്തിപ്പടരുന്നതിനിടെ സ്റ്റേറ്റ് ടെലിവിഷൻ ചാനലിലെ തത്സമയ സംപ്രേഷണം ഡിജിറ്റൽ ആക്ടിവിസ്റ്റുകൾ ഹാക്ക് ചെയ്തു. ചാനൽ ഹാക്ക് ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുഖത്ത് ക്രോസ് ചിഹ്നം വരക്കുകയും തീപിടിക്കുന്ന ചിത്രങ്ങളും ചേർത്തു. “ഞങ്ങളുടെ യുവത്വത്തിന്‍റെ രക്തം നിങ്ങളുടെ കൈകളിലാണ്” എന്ന സന്ദേശവും എഴുതിക്കാണിച്ചു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് ചാനൽ ഹാക്ക് ചെയ്തത്.

22 കാരിയായ മഹ്സ അമിനിയുടെ മരണത്തെ തുടർന്നാണ് ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഖമേനി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഹാക്ക് ചെയ്ത് തടസ്സപ്പെടുത്തുകയും ചെയ്തു. “ഞങ്ങളോടൊപ്പം ചേരൂ, എഴുന്നേൽക്കൂ” എന്ന മുദ്രാവാക്യം ഏതാനും സെക്കൻഡുകൾ എഴുതിക്കാണിക്കുകയും മൂന്ന് സ്ത്രീകളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളും പ്രദർശിപ്പിക്കുകയും ചെയ്തു. ഹിജാബ് ശരിയായി ധരിക്കാത്തതിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക രാജ്യത്ത് ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 16നാണ് അമിനി കൊല്ലപ്പെട്ടത്.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി. വൈറ്റ് ഹൗസിന്‍റെ വെബ്സൈറ്റിലാണ് ബൈഡന്‍റെ പ്രതികരണം പ്രസിദ്ധീകരിച്ചത്. ഇറാൻ അധികൃതരുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ഇറാൻ മത പോലീസും അധികാരികളും നാളെ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 

മഹ്സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട ബഹുജന പ്രക്ഷോഭം 19-ാം ദിവസവും തുടരുകയാണ്. രാജ്യത്തെ 14 പ്രവിശ്യകളിലെ 17 ലധികം നഗരങ്ങളിലാണ് ഇന്നലെയും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിലവിൽ ഹൈസ്കൂളുകളും സർവകലാശാലകളും കേന്ദ്രീകരിച്ചാണ് സമരം. പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളിൽ ഇതുവരെ 400 ലധികം പേർ കൊല്ലപ്പെട്ടു. 10,000ത്തിലധികം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുറഞ്ഞത് 20,000 പേരെങ്കിലും ഇപ്പോഴും പോലീസ് കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.