ഇറാൻ പ്രക്ഷോഭം; 20കാരി വെടിയേറ്റ് മരിച്ചു

ഇറാൻ: ഇറാനിൽ മഹ്സ അമിനിയുടെ കൊലപാതകത്തോടെ ആരംഭിച്ച ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ 20 കാരിയായ യുവതി വെടിയേറ്റ് മരിച്ചു. വിദ്യാർത്ഥിനിയായ ഹാദിസ് നജാഫിയാണ് മരിച്ചത്. ആറോളം വെടിയുണ്ടകൾ ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു.

മരിക്കുന്നതിന് തൊട്ടുമുമ്പ് ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്ന് നീങ്ങുന്നതിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഹിജാബ് ധരിക്കാതെയാണ് ഹാദിസ് പ്രതിഷേധത്തിൽ പങ്കെടുത്തത്. കൈയില്‍ ആയുധമോ, പ്രകോപനപരമായ യാതൊന്നും ഉണ്ടായിരുന്നില്ല. വെടിയേറ്റ ഉടനെ ഹാദിസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മഹ്സയുടെ മരണത്തെ തുടർന്ന് ഇറാനിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയൈനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പത്ത് ദിവസം പിന്നിടുന്ന പ്രതിഷേധത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൊല്ലപ്പെടുകയും 1,200 ലധികം പേരെ അറസ്റ്റ് ചെയ്തതായുമാണ് റിപ്പോർട്ടുകൾ. പ്രതിഷേധം ആളിക്കത്തുന്ന പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങളും നിരോധിച്ചിട്ടുണ്ട്. കുര്‍ദ്ദ് ഭൂരിപക്ഷമുള്ള വടക്കുപടിഞ്ഞാറൻ മേഖലയിൽ പ്രതിഷേധം ശക്തമാണ്.