ട്രാവൽ നൗ പേ ലേറ്റർ സൗകര്യമൊരുക്കാൻ ഐആര്‍സിടിസി ക്യാഷ്-ഇയുമായി കൈകോർക്കുന്നു

കൊച്ചി: കേരളത്തിലെ യാത്രക്കാർക്ക് ട്രാവൽ നൗ പേ ലേറ്റർ സൗകര്യം ഒരുക്കുന്നതിനായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി ഇന്ത്യയിലെ പ്രമുഖ ഫിനാന്‍ഷ്യല്‍ പ്ലാറ്റ്‌ഫോമായ കാഷ്ഇ സഹകരിക്കുന്നു. നിലവിൽ ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നിങ്ങൾ തത്സമയം പണമടയ്ക്കണം. എന്നാൽ ടിഎൻപിഎൽ സൗകര്യം വരുന്നതോടെ യാത്രക്കാർക്ക് അപ്പോൾ തന്നെ യാത്ര ചെയ്യാനും പിന്നീട് പണമടയ്ക്കാനും കഴിയും.

ഇന്ത്യൻ റെയിൽവേയുടെ ട്രാവൽ ആപ്ലിക്കേഷനായ ഐആർസിടിസി റെയിൽ കണക്ടിൽ, ടിഎൻപിഎൽ പേയ്മെന്‍റ് സിസ്റ്റം ഉപയോഗിച്ച് ഇഎംഐകളിലൂടെ മൂന്ന് മുതൽ ആറ് മാസത്തേക്ക് ടിക്കറ്റ് തുക അടയ്ക്കാൻ കഴിയും.

ഐആർസിടിസി റെയിൽ കണക്ട് ആപ്പിന്‍റെ ചെക്കൗട്ട് പേജിൽ ഇത്തരമൊരു ടിഎൻപിഎൽ പേയ്മെന്‍റ് സംവിധാനം സജ്ജമാക്കിയ ആദ്യത്തെ ഫിൻടെക് കമ്പനിയാണ് ക്യാഷ്ഇ. കേരളത്തിലെ ദശലക്ഷക്കണക്കിന് ദൈനംദിന യാത്രക്കാർക്ക് ഈ സംവിധാനം ഗുണം ചെയ്യും. തത്കാൽ ഉൾപ്പെടെ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ഐആർസിടിസി ട്രാവൽ ആപ്പിന്‍റെ ചെക്കൗട്ട് പേജിൽ ഇഎംഐ പേയ്മെന്‍റ് ഓപ്ഷൻ ലഭിക്കും. ഈ സൗകര്യം ഉപയോഗിക്കുന്നതിന് പ്രത്യേക ഡോക്യുമെന്‍റേഷനോ വെരിഫിക്കേഷനോ ആവശ്യമില്ല. നിലവിൽ, ഐആർസിടിസി ട്രാവൽ ആപ്ലിക്കേഷനിൽ 90 ദശലക്ഷത്തിലധികം ഡൗൺലോഡുകളും പ്രതിദിനം 1.5 ദശലക്ഷത്തിലധികം റെയിൽവേ ടിക്കറ്റ് ബുക്കിംഗുകളും ഉണ്ട്.

ഐആർസിടിസിയുമായുള്ള പങ്കാളിത്തം രാജ്യത്തെ ഡിജിറ്റലൈസ്ഡ് ഇഎംഐ പേയ്മെന്‍റുകൾ ത്വരിതപ്പെടുത്തുന്നതിനുള്ള മറ്റൊരു ചുവടുവയ്പാണെന്ന് പറയുന്നതിൽ സന്തുഷ്ടരാണെന്ന് കാഷ്ഇ സ്ഥാപക ചെയർമാൻ വി രാമൻ കുമാർ പറഞ്ഞു. ദശലക്ഷക്കണക്കിന് ഐആർസിടിസി ഉപഭോക്താക്കളിലേക്ക് എത്തുന്നതിനും സൗകര്യപ്രദമായ ടിഎൻപിഎൽ സൗകര്യം നൽകുന്നതിനും കാഷ്ഇ വളരെയധികം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.