ശ്രീലങ്കയുടെ വഴിയേ ചൈനയും?; കൂറ്റൻ റാലിയുമായി ജനം തെരുവിൽ
ബെയ്ജിങ്: സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിലേതിന് സമാനമായ ജനകീയ പ്രതിഷേധമാണ് ചൈനയിലും നടക്കുന്നത്. ഭരണകൂടത്തിനെതിരെ നേരിട്ടുള്ള പ്രതിഷേധങ്ങൾ അപൂർവമായ ചൈനയിൽ, ഹെനാൻ പ്രവിശ്യയിലെ വിവിധ ബാങ്ക് ശാഖകൾ കേന്ദ്രീകരിച്ച് നടന്ന മൾട്ടി ബില്യൺ ഡോളർ തട്ടിപ്പിനെതിരെ വലിയ ബഹുജന പ്രതിഷേധങ്ങൾ നടന്നു.
തട്ടിപ്പിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർ ‘അസാധാരണമായ’ പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ സംഭവം അന്താരാഷ്ട്ര ശ്രദ്ധ നേടി. ഹെനാൻ പ്രവിശ്യയുടെ തലസ്ഥാനമായ ഷെങ്ഷൗവിൽ പ്രതിഷേധക്കാർ കൂറ്റൻ റാലി നടത്തി.
സാമ്പത്തിക പ്രതിസന്ധിയിലായ ഹെനാൻ പ്രവിശ്യയിൽ ഏപ്രിൽ പകുതി മുതൽ നാല് ബാങ്കുകൾ പണം പിൻവലിക്കുന്നത് മരവിപ്പിച്ചു. തങ്ങളുടെ പണം വീണ്ടെടുക്കാൻ ഒരു മാർഗവുമില്ലാത്ത നിക്ഷേപകർ ഞായറാഴ്ച ഷെങ്ഷുവിൽ ഒരു വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഷെങ്ഷൗവിലെ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ ശാഖയ്ക്ക് മുന്നിൽ നൂറുകണക്കിന് ആളുകൾ തങ്ങളുടെ നിക്ഷേപങ്ങൾ തിരികെ ആവശ്യപ്പെട്ട് ഒത്തുകൂടി.