അധ്യക്ഷന്‍ രാഹുല്‍ തന്നെ?; സൂചനയുമായി ഹരീഷ് റാവത്ത്
ന്യൂഡല്‍ഹി: ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് കോൺഗ്രസിന്‍റെ പുതിയ പ്രസിഡന്‍റിനായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ഒക്ടോബർ 17നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. 17ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം 19ന് പ്രഖ്യാപിക്കും.
കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഒരു വിഭാഗം നേതാക്കൾ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. അതേസമയം, രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഒരു വിഭാഗം ആളുകൾ ആഗ്രഹിക്കുന്നു. എന്നാൽ കോണ്‍ഗ്രസ് അധ്യക്ഷനാകാൻ രാഹുൽ താൽപര്യം കാണിച്ചില്ല. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി അടുത്ത കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന സൂചനയാണ് ഹരീഷ് റാവത്ത് നൽകുന്നത്.
“രാഹുൽ ഗാന്ധി ഉടൻ തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകും. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അദ്ദേഹം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ എല്ലാ പാർട്ടി പ്രവർത്തകരും. അതിനായി ഞാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിക്കുന്നു,” റാവത്ത് ഞായറാഴ്ച പറഞ്ഞു. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. പിന്നീട് പല തവണ രാഹുൽ ഗാന്ധിയോട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു. ഇത്തവണയും അദ്ദേഹത്തിന് മേൽ സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ രാഹുൽ വഴങ്ങിയില്ല.