ശരിക്കും മേയര്‍ തന്നെയാണോ വാട്സാപ്പില്‍? സെല്‍ഫി അയച്ച് ആര്യാ രാജേന്ദ്രന്‍

തിരുവനന്തപുരം: വാട്സാപ്പിലേക്ക് അയച്ച പരാതിക്ക് മറുപടിനല്‍കുന്നത് ശരിക്കും മേയര്‍ തന്നെ ആണോയെന്ന് പരാതിക്കാരന് സംശയം. ഉടൻ തന്നെ മേയറുടെ സെൽഫി മറുപടിയായി വന്നു. ‘നഗരസഭ ജനങ്ങളിലേക്ക്’ കാമ്പയിന്‍റെ ഭാഗമായി നഗരസഭ വാട്സാപ്പിൽ പ്രതികരിച്ചപ്പോഴായിരുന്നു സംഭവം. മേലാംകോട് വാർഡിൽ നിന്ന് ലഭിച്ച പരാതി പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി വാട്സാപ്പിൽ സന്ദേശം അയച്ചപ്പോളാണ് പരാതിക്കാരന് സംശയം തോന്നിയത്. സെൽഫിയോട് കൂടെയുള്ള മേയറുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.

മേയറുടെ വാട്ട്സ്ആപ്പിൽ വ്യത്യസ്ത പരാതികളാണ് ലഭിക്കുന്നത്. വൃത്തിഹീനമായി കിടക്കുന്നുവെന്ന് പരാതി ലഭിച്ച് മണിക്കൂറുകൾക്കകം ഈഞ്ചയ്ക്കല്‍ ബസ് സ്റ്റോപ്പ് ശുചീകരിച്ചു. കുമാരപുരം പൊതുജനം റോഡ് കാടുപിടിച്ചുകിടക്കുന്നത് ലൊക്കേഷന്‍ സഹിതമാണ് പരാതിയായി ലഭിച്ചത്. ഇതും അടുത്ത ദിവസം തന്നെ കോര്‍പ്പറേഷനിലെ ജീവനക്കാരെത്തി വൃത്തിയാക്കി. കുളത്തൂർ സ്വദേശിനിയായ റാണി സമീപത്തെ വീട്ടിൽ നിന്ന് മലിനജലം ഒഴുകിയെത്തുന്നു എന്നാണ്പരാതി നൽകിയത്. അയൽവാസിക്ക് ഉടൻ നോട്ടീസ് നൽകുകയും പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു.

കണ്ണാശുപത്രിക്ക് സമീപം യുവതി പ്ലാസ്റ്റിക് കത്തിക്കുന്നതായി പരാതി ലഭിച്ച് മിനിറ്റുകൾക്കകം കോർപ്പറേഷന്‍റെ ആരോഗ്യവിഭാഗം സ്ഥലത്തെത്തി. പ്ലാസ്റ്റിക് കത്തിക്കരുതെന്നും അവ കോർപ്പറേഷന്‍റെ കളക്ഷൻ സെന്‍ററുകൾക്ക് കൈമാറണമെന്നും നിർദ്ദേശിച്ചു.