ഡൽഹിയിൽ അട്ടിമറിക്ക് സാധ്യതയോ?; എംഎല്‍എമാരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് എഎപി

ന്യൂഡൽഹി: എംഎൽഎമാരെ ചാക്കിലാക്കി ഡൽഹിയിലെ അരവിന്ദ് കേജ്‍രിവാൾ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണത്തെച്ചൊല്ലി ഇരുപാർട്ടികളും തമ്മിൽ വാക്പോർ. രാജ്യത്തുടനീളം ബിജെപി പരീക്ഷിക്കുന്ന ‘ഓപ്പറേഷൻ ലോട്ടസ്’ ഡൽഹിയിലും നടപ്പാക്കാൻ ശ്രമം നടക്കുന്നുവെന്ന സൂചനയുടെ പശ്ചാത്തലത്തിൽ എഎപിയുടെ ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ ഇന്ന് എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നു. എന്നാൽ ചില എം.എൽ.എമാരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് പാർട്ടി സ്ഥിരീകരിച്ചു.

യോഗത്തിൽ എത്ര എം.എൽ.എമാർ പങ്കെടുക്കും എന്നറിയാൻ കാത്തിരിക്കുകയാണ് എ.എ.പി. അരവിന്ദ് കേജ്‍രിവാളിന്റെ വസതിയിൽ രാവിലെ 11 മണിക്കാണ് യോഗം തീരുമാനിച്ചത്. മനീഷ് സിസോദിയക്കെതിരായ സിബിഐ റെയ്ഡും ഇഡി കേസും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.

എഎപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ബിജെപി നേതൃത്വം ശ്രമിക്കുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തിൽ സർക്കാർ നിയമസഭയുടെ പ്രത്യേക യോഗവും വിളിച്ചിട്ടുണ്ട്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ സിബിഐ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് എഎപി-ബിജെപി തർക്കം രൂക്ഷമായത്. ഡൽഹി സർക്കാരിന്റെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ എക്സൈസ് മന്ത്രി കൂടിയായ സിസോദിയയുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.