ഐഎസ്എൽ; ഒഡീഷയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോൽവി

ഭുവനേശ്വർ: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡിഷ എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെതിരെ വിജയം കണ്ടത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഒഡിഷയ്ക്ക് വേണ്ടി ജെറി, പെഡ്രോ മാര്‍ട്ടിന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹര്‍മന്‍ജോത് ഖാബ്ര ബ്ലാസ്‌റ്റേഴ്‌സിനായി വലകുലുക്കി.

ഈ വിജയത്തോടെ ഒഡിഷ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. ബ്ലാസ്റ്റേഴ്‌സ് ഒന്‍പതാം സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ടീം മോഹന്‍ ബഗാനോടും തോറ്റിരുന്നു. തുടക്കം തൊട്ട് ഇരുടീമുകളും ആക്രമിച്ചാണ് കളിച്ചത്. എട്ടാം മിനിറ്റില്‍ ഒഡിഷയുടെ ജെറി ഗോളടിച്ചെങ്കിലും റഫറി അത് അനുവദിച്ചില്ല. ഗോള്‍കീപ്പര്‍ പ്രഭ്‌സുഖന്‍ ഗില്ലിനെ ഫൗള്‍ ചെയ്തതിനെത്തുടര്‍ന്നാണ് ഗോള്‍ അസാധുവായത്. പ്രതിരോധതാരങ്ങളുടെ മികച്ച രക്ഷാപ്രവര്‍ത്തനമാണ് ഗോള്‍ വഴങ്ങാതിരിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ സഹായിച്ചത്.