ഐഎസ്എൽ; ബെംഗളൂരുവിനെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി.
ചെന്നൈ: ആവേശകരമായ ഐഎസ്എൽ പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സി ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ചു. ഓരോ ഗോൾ വീതം നേടി ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. 10 പേരായി ചുരുങ്ങിയെങ്കിലും ചെന്നൈയിൻ ബെംഗളൂരുവിനെ സമനിലയിൽ തളക്കുകയായിരുന്നു. ബെംഗളൂരുവിനായി റോയ് കൃഷ്ണയും ചെന്നൈയിൻ എഫ് സിക്ക് വേണ്ടി കെ പ്രശാന്തും ഗോൾ നേടി.
മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ ബെംഗളൂരു എഫ് സി ലീടെടുത്തു. മികച്ച ഹെഡറിലൂടെ റോയ് കൃഷ്ണയാണ് ടീമിനായി ആദ്യ ഗോൾ നേടിയത്. എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്, ശിവശക്തി നാരായണന്‍റെ ഒരു ക്രോസ് റോയ് കൃഷ്ണ ഗോളാക്കി മാറ്റി.
ആദ്യപകുതി അവസാനിക്കുന്നതിന് സെക്കൻഡുകൾ മുൻപ് വരെ ബെംഗളൂരു ലീഡ് നിലനിർത്തി. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പ്രശാന്ത് ചെന്നൈയിൻ എഫ്.സിക്ക് വേണ്ടി സമനില ഗോൾ നേടി. സ്ലിസ്കോവിച്ചിന്‍റെ പാസ് സ്വീകരിച്ച് ബോക്സിലേക്ക് ഹെഡ് ചെയ്ത പ്രശാന്ത് ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിനെ മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.