ഐഎസ്എൽ; ബ്ലാസ്റ്റേഴ്സ് ഇന്ന് കൊച്ചിയിൽ ജംഷഡ്പൂരിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ (ഐഎസ്എൽ) ഒൻപതാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂർ എഫ്സിയെ നേരിടും. രാത്രി 7.30ന് കൊച്ചി സ്റ്റേഡിയത്തിലാണ് മത്സരം. നേരത്തെ നടന്ന എവേ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്.

തുടർച്ചയായി ഏഴ് മത്സരങ്ങൾ തോൽവിയറിയാതെ കളിച്ച ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ഈ സാഹചര്യത്തിൽ, മത്സരത്തിൽ ഫേവറിറ്റുകൾ ബ്ലാസ്റ്റേഴ്സാണ്. എന്നിരുന്നാലും ജംഷഡ്പൂർ ഒന്നും നഷ്ടപ്പെടാനില്ലാതെ കളിയിലേക്ക് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ എളുപ്പമാകില്ല.

കൊച്ചി സ്റ്റേഡിയത്തിൽ ജംഷഡ്പൂർ എഫ്സിക്കെതിരെ ആദ്യ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. 2017-18 സീസണിലെ ഐഎസ്എല്ലിലാണ് ജംഷഡ്പൂർ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഇരുടീമുകളും മൂന്ന് തവണ കൊച്ചിയിൽ കൊമ്പുകോർത്തു. മത്സരത്തിന്‍റെ ഫലം മൂന്ന് തവണയും സമനിലയിലായി. ആദ്യ തവണ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം തവണ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 2019-20 സീസണിൽ കൊച്ചിയിൽ നടന്ന മത്സരത്തിലാണ് ഇരുടീമുകളും അവസാനമായി കൊമ്പുകോർത്തത്. രണ്ട് ഗോളുകൾ വീതം നേടി, ഇരു ടീമുകളും പോയിന്റ് വീതം വച്ചിരുന്നു.