സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ശനിയാഴ്ചയും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ലഭിച്ച മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരള തീരത്തും വ്യാഴം മുതൽ ഞായർ വരെ ലക്ഷദ്വീപ് തീരത്തും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശനിയാഴ്ചയോടെ മധ്യ, കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമര്‍ദമായും ഞായറാഴ്ചയോടെ അതിതീവ്രന്യുനമര്‍ദമായും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് തിങ്കളാഴ്ചയോടെ മധ്യ- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ട്. കേരള തീരത്തിനടുത്തുള്ള തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതചുഴി നിലനില്‍ക്കുന്നെന്നും പ്രവചനമുണ്ട്.