അപൂർവ്വ കൂടിക്കാഴ്ച നടത്തി ഇസ്രായേലും പലസ്തീനും;സംഘർഷാവസ്ഥ ലഘൂകരിക്കും
ജറുസലേം: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായി പലസ്തീൻ പ്രസിഡന്‍റും ഇസ്രായേൽ പ്രതിരോധ മന്ത്രിയും കൂടിക്കാഴ്ച നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിലെ സംഘർഷാവസ്ഥ ലഘൂകരിക്കാനും ജോ ബൈഡന്‍റെ ആദ്യ സന്ദർശനത്തിന്‍റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ ഏകോപിപ്പിക്കാനും പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസും ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്‍റ്സുമാണ് കൂടിക്കാഴ്ച നടത്തിയത്.
വ്യാഴാഴ്ച റാമല്ലയിൽ നടന്ന കൂടിക്കാഴ്ച ക്രിയാത്മകമായ രീതിയിലാണ് നടന്നതെന്നും മേഖലയിലെ സിവിലിയൻ, സുരക്ഷാ വെല്ലുവിളികൾ ഇരുവരും ചർച്ച ചെയ്തുവെന്നും ഗാന്‍റ്സ് ട്വിറ്ററിൽ കുറിച്ചു. സുരക്ഷാ ഏകോപനം നിലനിർത്താനും അസ്ഥിരതയിലേക്ക് നയിച്ചേക്കാവുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കാനും ഇരു രാജ്യങ്ങളും ധാരണയിലെത്തിയതായി ഗാന്‍റ്സ് ട്വിറ്ററിൽ കുറിച്ചു.
പുതിയ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുന്നതിനെ കുറിച്ചും, കരാറുകൾ പാലിക്കപ്പെടുമെന്ന് ഉറപ്പാക്കുന്നതിനെ കുറിച്ചും, സ്ഥിതിഗതികൾ വഷളാക്കുന്ന നടപടികൾ അവസാനിപ്പിക്കുന്നതിനെ കുറിച്ചും, അബ്ബാസ് യോഗത്തിൽ വ്യക്തമാക്കിയതായി മുതിർന്ന പലസ്തീൻ ഉദ്യോഗസ്ഥനായ ഹുസൈൻ അൽ ഷെയ്ഖ് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വിറ്ററിൽ കുറിച്ചു. പ്രസിഡന്‍റ് ബൈഡന്‍റെ സന്ദർശനത്തിന് മുന്നോടിയായി സമാധാനപരമായ അന്തരീക്ഷം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അബ്ബാസ് ഊന്നിപ്പറഞ്ഞു.