ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി 15ന് പരിഗണിക്കും

കൊച്ചി: ഐഎസ്ആർഒ ചാരക്കേസിൽ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ പ്രത്യേക സിറ്റിംഗ്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരമാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാക്കുന്നത് വരെ പ്രതികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കരുതെന്നും കോടതി സി.ബി.ഐക്ക് നിർദ്ദേശം നൽകി.

ചാരക്കേസിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇവർക്ക് ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യം റദ്ദാക്കുകയും ഹർജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹർജിയിൽ ഈ മാസം 15ന് പ്രത്യേക സിറ്റിംഗ് നടക്കും. ജാമ്യഹർജിയിൽ ഇടക്കാല ഉത്തരവ് അന്നേ ദിവസം പ്രതീക്ഷിക്കാം. ഉത്തരവിനെ ആശ്രയിച്ചായിരിക്കും സി.ബി.ഐയുടെ തുടർനടപടി. ജാമ്യം നിഷേധിക്കപ്പെട്ടാൽ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സി.ബി.ഐ സ്വീകരിച്ചേക്കും.